Monday, 7 November 2011

സമത്വം,ഒത്തൊരുമ

                                     നമ്മളൊക്കെ സ്ഥിരമായി കേള്‍ക്കുന്ന രണ്ടു വാക്കുകളാണ് സോഷ്യലിസവും,കമ്മ്യൂണിസവും അല്ലേ?ഇപ്പോള്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചില രാഷ്ട്രീയ നേതാക്കളുടെ ചിത്രമാകും നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്‌ അല്ലേ?കാരണം സോഷ്യലിസവും കമ്മ്യൂണിസവും ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ്,ആ നിലയിലാണ് ആദ്യം നാം ഇവയെപ്പറ്റി അറിയുന്നത്.രണ്ടാമത് ചിന്തയില്‍ വരുന്ന കാര്യം എന്തായിരിക്കും?നമ്മുടെ നിത്യജീവിതവുമായി ബന്ധമില്ലാത്ത,പുറം നാട്ടില്‍ നിന്ന് വന്ന രണ്ടു പദങ്ങള്‍ എന്നാവും(സാധാരണക്കാരന്റെ ചിന്തയുടെ കാര്യമാണേ ഞാന്‍ പറയുന്നത്,അല്ലാതെ ബുദ്ധിജീവികളുടെ കാര്യമല്ല).ഇനിയിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയായി കാണുമ്പോഴും ഇതിലെ നേതാക്കള്‍ കരുതുന്നത് ജനങ്ങള്‍ വോട്ടു ചെയ്യുന്നത് കമ്മ്യൂണിസ ത്തിനാണെന്നാണ്.ആണോ?എഴുത്തും വായനയും പോലും അറിയാത്ത ആള്‍ക്കാര്‍ക്കെന്തു സോഷ്യലിസം?എന്ത് കമ്മ്യൂണിസം?(ഉദ്ദേശിച്ചത് ഈ രണ്ടു പദങ്ങള്‍ ).ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് മാര്‍ക്സിസത്തെയോ,ലെനിനിസത്തെയോ,ആരൊക്കെയോ എഴുതി വെച്ചിട്ടുള്ള  സോഷ്യലിസ്റ്റ്‌-കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തെയോ ഒന്നും അല്ല.അവര്‍ക്ക് വേണ്ടത് അവരുടെ  വയറ്റത്തടിക്കാത്ത  ഒരു നേതാവിനെയും ആ നേതാവ്(ജനസേവകന്‍;രാജാവല്ല) വിശ്വസിക്കുന്ന നല്ല തത്വങ്ങളെയുമാണ്‌.ഭഗവത്ഗീതയില്‍ പോലും[ബൈബിളും ഖുര്‍-ആനും പോലെ ഉത്തമഗ്രന്ഥമെന്ന നിലയില്‍:മതഗ്രന്ഥമെന്ന നിലയിലല്ല (ഇതൊക്കെ വായിച്ചതിനു ശേഷം ചില ബുദ്ധിമാന്‍മാര്‍  ഉണ്ടാക്കിയതാണ് മതങ്ങളൊക്കെ) ] പറയുന്ന ഒരു കാര്യമുണ്ട്,അതായതു,വേദങ്ങളില്‍ പറഞ്ഞതാണ്‌ അവസാന വാക്ക് അതില്‍ കവിഞ്ഞൊന്നും ഇല്ല  എന്ന് ചിന്തിക്കുന്നവന്‍ മണ്ടനാണെന്ന്.അതുപോലും അങ്ങനെയിരിക്കെ ഇവിടെ ചിലര്‍ ആരോ എഴുതിവച്ച ചില തത്വങ്ങള്‍ക്കപ്പുറം ഒരടി കടക്കില്ല എന്നൊക്കെ പറഞ്ഞാല്‍ അവരെ എന്ത് വിളിക്കാം?
                                                            ഇംഗ്ലണ്ടില്‍ അല്ലെങ്കില്‍ ജര്‍മ്മനിയില്‍ സാധാരണക്കാരുടെ ഒരു കൂട്ടായ്മ ഉടലെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ (പാകിസ്ഥാന്‍കാരനെയോ റഷ്യക്കാരനെയോ സംബധിച്ചിടത്തോളം അവിടെ ) അത്തരത്തിലൊരു കൂട്ടായ്മ ഉണ്ടാകുമായിരുന്നില്ല എന്ന് ചിന്തിക്കുന്നത് മഹാ വിവരക്കേടല്ലേ?നമ്മളെക്കാള്‍(ഇന്ത്യക്കാരേക്കാള്‍ ) അവിടെ അത് നേരത്തെ തുടങ്ങിയത് ഒരിക്കലും വില കുറച്ചു കാണാന്‍ പാടില്ല,അങ്ങനെ കാണുന്നുമില്ല.സാമൂഹ്യമായ മാറ്റം അവിടെ നമുക്ക് മുന്‍പേ നടന്നത് കൊണ്ടാണ് നമ്മള്‍ ഇപ്പോഴും അവരുടെ പുറകിലായത്(ബുദ്ധിയുടെയും ചിന്തയുടെയും കാര്യത്തിലല്ല ).ഒരു കാര്യം ഓര്‍ക്കാം,സാമൂഹ്യമായ മാറ്റമൊക്കെ അവിടെ നടന്നു പക്ഷെ പിന്നീട് അത് പോയ വഴി അത്ര നല്ലതായിരുന്നില്ല.അതാണ്‌ ഇന്നത്തെ യൂറോപ്യന്‍ രാജ്യങ്ങളുടെ ചില കുത്തഴിഞ്ഞ സാമൂഹ്യ ചുറ്റുപാടുകളിലേക്ക് എത്തിച്ചത്.ഇവിടെയും ഇംഗ്ലണ്ട്,ജര്‍മ്മനി എന്ന് ആരാന്റെ കാര്യം പറഞ്ഞതുകൊണ്ട് കാര്യമില്ല.നമുക്ക് ഇന്ത്യയിലെ കാര്യം നോക്കാം.ഒരു കാര്യം പറയാതെ വയ്യ,അമേരിക്ക ഇന്നത്തെ (സമ്പന്ന രാജ്യം ) അവസ്ഥയിലെത്താന്‍ കാരണം ഹാരി ട്രൂമാന്‍(രണ്ടാം ലോകമഹായുദ്ധാവസാനം അമേരിക്കയുടെ പ്രസിഡന്റ്‌ )ജപ്പാനില്‍ അണുബോംബിട്ട് ലോകത്തെ ഞെട്ടിച്ചത് കൊണ്ടല്ല;എബ്രഹാം ലിങ്കണ്‍ കഴിയാവുന്നത്ര സമത്വം (അടിമത്വം ഇല്ലാതാക്കി എല്ലാവരെയും പോലെ അടിമപ്പണി  ചെയ്തവരെയും സാധാരണ മനുഷ്യന്റെ സമൂഹത്തിലേക്ക് കൊണ്ടുവന്നു) സൃഷ്ടിച്ചതിന്റെ അനന്തര ഫലങ്ങളാണ്.

Monday, 29 August 2011

മനുഷ്യര്‍

                                                  നമ്മളൊക്കെ മനുഷ്യരല്ലേ?എന്തിനാ മനുഷ്യര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്?ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ,അതായത്,മനുഷ്യന്‍(homo sapians ) ഉടലെടുത്തിട്ട് അനേകം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്നും ഇന്നും നമ്മള്‍ ആരാധിക്കുന്ന ദൈവത്തെ എവിടെയെങ്കിലും കണ്ടതായി ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ?പക്ഷെ,നമ്മള്‍ക്കൊക്കെ ഏതോ ഒരു ദൈവികത(unknown  power ) ചില ഘട്ടങ്ങളില്‍ അനുഭവപ്പെട്ടിട്ടില്ലേ?ചിന്തിച്ചു നോക്കിയിട്ടുണ്ടോ,അതായത്,ദൈവം ഉണ്ടെങ്കില്‍ ഏതു രൂപത്തിലായിരിക്കും,എത്ര വലിപ്പമുണ്ടാകും,എത്ര ശോഭയുണ്ടാകും,ഏതു നിറത്തിലായിരിക്കും,ഏതുതരം ശബ്ദമായിരിക്കും,എങ്ങനെ ചലിക്കും എന്നൊക്കെ!ചിന്തിക്കുമ്പോള്‍,പ്രപഞ്ചം ഏതു ഭാഗത്തേക്കാണ് നീങ്ങുന്നത്‌ എന്ന ചോദ്യം പോലെ  എവിടെ ചിന്തിച്ചു തുടങ്ങണം എന്നറിയാത്ത ഒരു ഉത്തരം അല്ലേ?ദൈവം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൂട്ടം മനുഷ്യര്‍ക്ക്‌ 'അല്ലാഹു'വിനെ ഓര്‍മ്മ വരും,വേറൊരു കൂട്ടം മനുഷ്യര്‍ക്ക്‌ 'യേശുക്രിസ്തു'വിനെ മനസ്സില്‍ തെളിയും,മറ്റൊരു കൂട്ടം മനുഷ്യര്‍ക്ക്‌ 'കൃഷ്ണ'നെ ഓര്‍മ്മ വരും അല്ലേ?ഈ പറഞ്ഞവരില്‍ ഏതെങ്കിലും ഒരാളാവാന്‍ വഴിയുണ്ടോ?അതോ ഇവരൊക്കെയും 'ദൈവങ്ങള്‍' ആണോ?ആണെങ്കില്‍ ഇവര്‍ ഇവരുടേതായ ലോകങ്ങളില്‍ നിന്നുകൊണ്ട് അന്യോന്യം പോരടിക്കുന്നുണ്ടാവുമോ?അതിന്റെ ഫലമാകുമോ ഇവരുടെ ആരാധകരായ ഓരോ കൂട്ടം മനുഷ്യര്‍ ഭൂമിയില്‍ തമ്മിലടിക്കുന്നത്‌?'ദൈവം' ഭൂമിയില്‍ മാതമേ ഇങ്ങനെ ചെയ്യുന്നുണ്ടാവുമോ അതോ വേറെ സ്ഥലങ്ങളിലും(ഭൂമിക്ക് പുറത്തു) 'ദേവസ്പര്‍ശ'മേല്പ്പിക്കുണ്ടാവുമോ?ഒരുകാര്യം നമുക്കുറപ്പിക്കാം,എന്തെന്നാല്‍,'ദൈവം' ഉണ്ടെങ്കില്‍ ഭൂമിയില്‍ മാത്രമടങ്ങുന്ന,ഭൂമിയിലെ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഒന്നാവില്ല അല്ലേ?ഭൂമിക്കു പുറത്തും തീര്‍ച്ചയായും ജീവന്‍ ഉണ്ടാകും എന്നുറപ്പല്ലേ.അതിനു മനുഷ്യ രൂപത്തോട് ഒരു സാദൃശ്യവും ഉണ്ടാകണമെന്നൊന്നും  ഇല്ല അല്ലേ.
                                                  പക്ഷെ,മനുഷ്യന്‍ മാത്രമേ തമ്മിലടിക്കുന്നുള്ളൂ എന്നൊന്നും പറയുന്നത് ശരിയല്ല അല്ലേ,എന്താണെന്നു ചോദിച്ചാല്‍,ഒരു മീനിന്റെ മുള്ള് കിട്ടിയ ഒരു കാക്കയുടെ പുറകെ വേറെ കാക്കകള്‍ പറന്നു അത് കൈക്കലാക്കാന്‍ നോക്കാറില്ലേ?ഒരു മാനിനെ കൊന്നാല്‍ കുറുക്കന്‍ അത് കണ്ട് പാഞ്ഞുവരുന്ന മറ്റ് കുറുക്കന്മാര്‍ക്ക് വീതിച്ചു കൊടുക്കുകയോ,തിന്നാന്‍ ഒതുങ്ങി നിന്ന് കൊടുക്കുകയോ ആണോ ചെയ്യുക?അത് മറ്റുള്ളവയെ ഓടിക്കും അല്ലേ,അല്ലെങ്കില്‍ ആ മാനിനേയും കൊണ്ട് ഓടാന്‍ നോക്കും.മൃഗങ്ങളും ചിന്തിക്കുന്നുണ്ട്,ഇല്ലേ?ഇല്ലെങ്കില്‍ ഒരു കാട്ടുകൊമ്പനെ മെരുക്കാന്‍ മനുഷ്യന് പറ്റുമോ?പട്ടിയെ അനുസരണയുള്ളതാക്കാന്‍ നമുക്ക് പറ്റുമോ?തത്തയെക്കൊണ്ട് വര്‍ത്തമാനം പറയിപ്പിക്കാന്‍ പറ്റുമോ?മനുഷ്യന് മാത്രമേ ചിന്തിക്കാന്‍ പറ്റുകയുള്ളൂ എന്ന് വിചാരിക്കുന്നത് മനുഷ്യന്‍ മാത്രമാണ് അല്ലേ?നമ്മള്‍ ബുദ്ധിപരമായും തന്ത്രപരമായും മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് ചെയ്യിപ്പിക്കുന്നു അല്ലേ?ആണോ?അങ്ങനെയാണോ?എന്ന് നമ്മള്‍ക്ക്(മനുഷ്യര്‍ക്ക്‌ ) വിചാരിക്കാം എന്ന്  മാത്രം