Monday, 1 August 2016

Martyr(രക്തസാക്ഷി)

കേരളത്തിൽ മരിച്ചു വീഴുന്ന പാവപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയും രക്തസാക്ഷിയല്ല. സി.പി.ഐ.എം ജീവിച്ചിരിക്കുന്നവരേക്കാൾ 'ബഹുമാനം' കാണിക്കുന്നത് മരിച്ചവരോടാണ്. അവരെല്ലാം ബലിയാടുകളാണ്. രക്തവും രക്തസാക്ഷിത്വവും തമ്മിൽ യാതൊരു ബന്ധവുമില്ല. ചോര പൊടിഞ്ഞ് പിടഞ്ഞ് വീണ് മരിക്കുന്നതിൻറെ പേരല്ല രക്തസാക്ഷിത്വം. മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്ത ധീര പഴശ്ശിയാണ് രക്തസാക്ഷിത്വത്തിന്റ ഉത്തമ മാതൃക. തൂങ്ങിമരിച്ച രോഹിത് വെമുല രക്തസാക്ഷിയാണ്. ലോകം ഇന്നേവരെ കണ്ടതിലേറ്റവും ധീരമായ രക്തസാക്ഷികളിലൊരാളായ ഭഗത് സിങ് രക്തം വാർന്നല്ല മരിച്ചത് സഖാക്കളേ, തൂക്കുകയറിലാണ്. വളരെ വലിയ ആദർശവും ലക്ഷ്യവും നേടിയെടുക്കുന്നതിനിടയിൽ മരണപ്പെടുന്നവരാണ് രക്തസാക്ഷികൾ. Martyr എന്ന് ഇംഗ്ലീഷിൽ പറയുന്നതിൻറെ കേവല മലയാള പദം മാത്രമാണത്. അത് തലയിൽ തേങ്ങ വീണ് ചത്താലും മതി. രക്തസാക്ഷിത്വം വരിക്കേണ്ട ഒരുവിധം സംഗതികളെല്ലാം കേരളം ദശകങ്ങൾ മുമ്പേ നേടിക്കഴിഞ്ഞു. ഇനി അത്തരമൊരു മഹാകാര്യം ചെയ്യേണ്ടത് ലോകത്തിലെ സ്ത്രീകളാണ്. സഹസ്രാബ്ദങ്ങളായി അടിമത്തത്തിലിരിക്കുന്ന പെൺ വർഗ്ഗം മോചനത്തിനായി രക്തസാക്ഷികളെ സൃഷ്ടിക്കണം. മെഴുകുതിരി കത്തിച്ച് നടന്നാൽ(ഫെമിനിസ്റ്റുകൾക്ക് അത് മതിയാകും) ഒരു ചുക്കും മാറില്ല. വർഷങ്ങളായി നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കൊല നടക്കുന്നു. സി.പി.എം അണികളെ ആവേശത്തിലാക്കാൻ ആ പാവങ്ങളെയെല്ലാം ധീര രക്തസാക്ഷികളായി വാഴ്ത്തുന്നു. ജീവൻ ബാക്കിയുള്ളവരറിയണം, രാഷ്ട്രീയ കൊലപാതങ്ങളിലെ സഖാക്കൾ ബലിയാടുകളാണ്, രക്തസാക്ഷികളല്ല. പരസ്പരം വെട്ടിമരിക്കുന്നത് ആർക്കുവേണ്ടിയാണ്? എന്തിനു വേണ്ടിയാണ്? ചിന്തിച്ചിട്ടുണ്ടോ സഖാക്കൾ? മരിച്ചവൻറെ കുടുംബത്തിന് പോയി അല്ലാതെന്ത്? ഭർത്താവ്, അച്ഛൻ, മകൻ, അനിയൻ, ചേട്ടൻ, മാമൻ എന്നിങ്ങനെയാണ് നഷ്ടപ്പെടുന്നത്. ജീവിതം എന്നാൽ ഈ ബന്ധങ്ങളാണ്. അല്ലാതെ രാഷ്ട്രീയ ഇരകളാവുകയല്ല.
ലാൽസലാം...

No comments:

Post a Comment