Sunday, 28 September 2025

Bhagat Singh 's birthday today

ഇന്ന് ഭഗത് സിംഗിൻ്റെ 117ാം ജന്മദിനം. ഇന്ത്യ എന്ന ഒരു രാജ്യം രൂപീകരിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകിയ ആളുകളിൽ ഒരാൾ. ഇളം പ്രായമായ 23ാം വയസ്സിൽ തൻ്റെ രാജ്യത്തെ മാത്രമല്ല ലോകത്തിലെ മുഴുവൻ ചൂഷിത ജനതയുടേയും മോചനത്തിനായി അക്ഷരാർത്ഥത്തിൽ പോരാടി ജീവത്യാഗം ചെയ്ത മഹാൻ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇന്ന് നാം പല അവകാശങ്ങളോടെയും സ്വാതന്ത്ര്യങ്ങളോടെയും ജീവിക്കുന്നതിന് പിന്നിൽ ഭഗത് സിംഗിൻ്റെയും ചന്ദ്രശേഖർ ആസാദിൻ്റെയും, അഷ്ഫാക്കുള്ള ഖാൻ്റെയും,രാമ പ്രസാദ് ബിസ്മിലിൻ്റെയും, ഉദ്ദം സിംഗിൻ്റെയും ഒക്കെ ജീവൻ്റ വിലയുണ്ട്.
ഒരു ക്രിക്കറ്റ് കളിയിൽ, അതും കുറച്ച് മാസങ്ങൾക്ക് മുമ്പ് 26 പേരുടെ ജീവനെടുത്തതിന് കാരണക്കാരായി അവർ ആരോപിക്കുന്ന രാജ്യക്കാരോട്,  കളിക്കാർ കൈ കൊടുത്തില്ല എന്നു പറഞ്ഞ് രാജ്യസ്നേഹം സമൂഹമാധ്യമങ്ങളിൽ വാരിവിതറുന്ന വഷളന്മാരുടെ മനോനിലയിലേക്ക് രാജ്യസ്നേഹം അധപതിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ. കുറച്ചു വർഷങ്ങൾക്കു മുൻപ് ദേശീയ ഗാനം സിനിമ തിയേറ്ററിൽ ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്നതായിരുന്നു ഈ കൂട്ടരുടെ ദേശസ്നേഹത്തിന്റെ അളവുകോൽ. പശുവിന്റെയും മതത്തിൻറെയും ജാതിയുടെയും പേരിൽ തങ്ങളുടെ സമൂഹത്തിൽ തന്നെ സ്ഥിതിചെയ്യുന്ന ജനവിഭാഗങ്ങളോട് ആക്രമണം കാണിക്കുന്ന നിലയിലേക്ക് നമ്മുടെ രാജ്യം അധപ്പതിച്ചു നിൽക്കുന്ന ഈ വേളയിലാണ് ഭഗത് സിംഗിന്റെ മറ്റൊരു ജന്മദിനം കൂടി കടന്നു പോകുന്നത്. 
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഭഗത് സിംഗിൻ്റെയും ചന്ദ്രശേഖർ ആസാദിന്റെയും ഒക്കെ കടന്നു വരവ്. ഇവരാണ് ആദ്യമായി സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജാതിക്കും മതത്തിനും സാമ്പത്തിക വ്യത്യാസങ്ങൾക്കും അതീതമായി കറകളഞ്ഞ ഒരു ആശയവുമായി കടന്നു വരികയും മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്ന എല്ലാ രീതികളും അവസാനിപ്പിക്കാൻ ഇന്ത്യൻ മണ്ണിൽ തുടക്കം കുറിക്കുകയും ചെയ്തത്.

1929 ഏപ്രിൽ 8 ന്, ഭഗത് സിങ്ങും ബടുകേശ്വർ ദത്തും ന്യൂഡൽഹിയിലെ സെൻട്രൽ അസംബ്ലി ഹാളിൻ്റെ ഇടനാഴിയിലേക്ക് (മുൻപേ പ്ലാൻ ചെയ്ത പ്രകാരം ഒരാൾക്കും പരിക്കേൽക്കാത്ത വിധം) രണ്ട് ബോംബുകൾ എറിഞ്ഞ ശേഷം ഹാളിലേക്ക് ലഘുലേഖയുടെ(The Red Pamphlet)പകർപ്പുകൾ വർഷിച്ചു.
'ബധിരരെ കേൾപ്പിക്കാൻ ഉച്ചത്തിലുള്ള ശബ്ദം ആവശ്യമാണ്' എന്നു തുടങ്ങുന്ന ലഘുലേഖയിൽ അവരുടെ ലക്ഷ്യവും പ്രത്യയശാസ്ത്രവും കൃത്യമായി പ്രകടമാണ്.
' മനുഷ്യ ജീവന് ഇത്രയും വലിയ ഒരു പവിത്രത കൽപ്പിക്കുന്ന, മനുഷ്യൻ പൂർണ്ണ സമാധാനവും പൂർണ്ണ സ്വാതന്ത്ര്യവും ആസ്വദിക്കുന്ന ഒരു മഹത്തായ ഭാവി സ്വപ്നം കാണുന്ന ഞങ്ങൾ, മനുഷ്യരക്തം ചൊരിയാൻ നിർബന്ധിതരായി എന്ന് സമ്മതിക്കുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. എന്നാൽ എല്ലാവർക്കും സ്വാതന്ത്ര്യം നേടിത്തരുന്നതും, മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് അസാധ്യമാക്കുന്നതുമായ 'മഹത്തായ വിപ്ലവ'ത്തിന്റെ ബലിപീഠത്തിൽ വ്യക്തികളുടെ ത്യാഗം അനിവാര്യമാണ്.'

"വിപ്ലവം നീണാൾ വാഴട്ടെ."  
എന്ന രീതിയിലാണ് ആ ലഘുലേഖ അവസാനിക്കുന്നത്.
ഭഗത് സിംഗ് എഴുതി "ബൽരാജ്" എന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ചന്ദർ ശേഖർ ആസാദിന്റെ തൂലികാനാമത്തിലായിരുന്നു ലഖുലേഖ.

വിപ്ലവം കൊണ്ട് തങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് 'വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തെപ്പറ്റി' എന്ന 1929 ഡിസംബർ 24 ന് ബടു കേശ്വർ ദത്തിന് എഴുതിയ കത്തിൽ ഭഗത് സിംഗ് വ്യക്തമാക്കുന്നു.
"വിപ്ലവം എന്ന വാക്കിനെ അതിന്റെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കരുത്. അത് ഉപയോഗിക്കുന്നവരുടെയോ ദുരുപയോഗം ചെയ്യുന്നവരുടെയോ താൽപ്പര്യങ്ങൾക്കനുസരിച്ച് ഈ വാക്കിന് വ്യത്യസ്ത അർത്ഥങ്ങളും പ്രാധാന്യങ്ങളും നൽകിയിട്ടുണ്ട്. സ്ഥാപിത ചൂഷണ ഏജൻസികൾക്ക് ഇത് രക്തം പുരണ്ട ഒരു ഭീതിയുടെ വികാരം ഉളവാക്കുന്നു. വിപ്ലവകാരികൾക്ക് ഇത് ഒരു വിശുദ്ധ വാക്യമാണ്. അസംബ്ലി ബോംബ് കേസിലെ ഞങ്ങളുടെ വിചാരണയിൽ ഡൽഹിയിലെ സെഷൻ ജഡ്ജിയുടെ മുമ്പാകെ നടത്തിയ പ്രസ്താവനയിൽ "വിപ്ലവം" എന്ന വാക്കിന്റെ അർത്ഥം വ്യക്തമാക്കാൻ ഞങ്ങൾ ശ്രമിച്ചു. വിപ്ലവം രക്തരൂക്ഷിതമായ കലാപം ഉൾപ്പെടുന്നതായിരിക്കണമെന്നില്ല എന്ന് ഞങ്ങൾ അതിൽ പ്രസ്താവിച്ചു. അത് ബോംബിന്റെയും പിസ്റ്റളിന്റെയും ഉപയോഗത്തിൻ്റെ ഒരു വൈകാരിക ആരാധനയല്ല.അവ ചിലപ്പോൾ വിപ്ലവത്തിൻ്റെ നേട്ടത്തിനുള്ള വെറും മാർഗങ്ങളായിരിക്കാം. ചില സമരങ്ങളിൽ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നതിൽ സംശയമില്ല, പക്ഷേ ആ ഒരൊറ്റക്കാരണം കൊണ്ട് ബോംബും പിസ്റ്റളും വിപ്ലവവും ഒന്നു തന്നെയായി മാറുന്നില്ല. ഒരു കലാപം ഒരു വിപ്ലവമല്ല.  അത് ആത്യന്തികമായി ആ ലക്ഷ്യത്തിലേക്ക് നയിച്ചേക്കാം. ആ ലഖുലേഖയിൽ (Red pamphlet)വിപ്ലവം എന്ന പദം ഉപയോഗിച്ചിരിക്കുന്നതിന്റെ അർത്ഥം, മെച്ചപ്പെട്ട മാറ്റത്തിനായുള്ള ആഗ്രഹം എന്നാണ്. ആളുകൾ പൊതുവെ വ്യവസ്ഥാപിതമായ സാമൂഹിക ക്രമവുമായി പൊരുത്തപ്പെടുകയും ഒരു മാറ്റത്തിന്റെ ആശയം കേൾക്കുമ്പോൾ തന്നെ വിറയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ അലസമായ മനോഭാവത്തെയാണ് വിപ്ലവ മനോഭാവം കൊണ്ട് മാറ്റിസ്ഥാപിക്കേണ്ടത്. അല്ലാത്തപക്ഷം, അപചയം മേൽക്കൈ നേടുകയും, മുഴുവൻ മാനവരാശിയും പിന്തിരിപ്പൻ ശക്തികളാൽ വഴിതെറ്റിക്കപ്പെടുകയും ചെയ്യും. അത്തരമൊരു അവസ്ഥ മനുഷ്യ പുരോഗതിയിൽ തടസ്സത്തിനും തളർച്ചയ്ക്കും കാരണമാകും. പ്രതിലോമ ശക്തികൾ ആളുകളെ സംഘടിപ്പിക്കാതിരിക്കാനും(ശക്തരാകാതിരിക്കാൻ) അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടയാനും, വിപ്ലവത്തിന്റെ ചൈതന്യം എപ്പോഴും മനുഷ്യരാശിയുടെ ആത്മാവിൽ നിറഞ്ഞുനിൽക്കണം. പഴയ സാമൂഹിക ക്രമം എപ്പോഴും മാറണം, പുതിയതിന് വഴിയൊരുക്കണം, എന്നാൽ മാത്രമേ ഒരു "ഇപ്പോൾ നിലനിൽക്കുന്ന ഈ നല്ല ക്രമം" ലോകത്തെ ദുഷിപ്പിക്കുകയുള്ളൂ. ഈ അർത്ഥത്തിലാണ് നമ്മൾ "വിപ്ലവം നീണാൾ വാഴട്ടെ" എന്ന് ആക്രോശിക്കുന്നത്.

1926 ൽ ലാഹോർ നാഷണൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഭഗത് സിംഗ് നൌ ജവാൻ ഭാരത് സഭ സ്ഥാപിച്ചു. കൂട്ടിന് ഭഗവതീ ചരൺ വോറയും, ധന്വന്ത്രിയും, ഇഷാൻ ഇലാഹിയും ഉണ്ടായിരുന്നു. 
നവ് ജവാൻ ഭാരത് സഭയുടെ പദ്ധതികൾ ഇവയായിരുന്നു:
1.മുഴുവൻ ഇന്ത്യയിലെയും തൊഴിലാളികളുടെയും കർഷകരുടെയും പൂർണ്ണ സ്വതന്ത്ര റിപ്പബ്ലിക് സ്ഥാപിക്കുക.
2. ഇന്ത്യ എന്ന പേരിൽ ഒരു ഐക്യരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി യുവാക്കളുടെ ഉള്ളിൽ ദേശസ്നേഹം വളർത്തുക.
3.തൊഴിലാളികളുടെയും കൃഷിക്കാരുടെയും പൂർണ്ണ സ്വതന്ത്ര റിപ്പബ്ലിക് സ്ഥാപിക്കുക എന്ന തങ്ങളുടെ ആശയവുമായി ഒത്തുപോകുന്ന മറ്റെല്ലാ സാമ്പത്തികവും വ്യാവസായികവും സാമൂഹികവുമായ പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
4.തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുക.

സഭയിൽ അംഗത്വം നേടുന്നതിന് മുൻപ്, ഒരാൾ തങ്ങളുടെ സമുദായത്തിന് ഉപരിയായി രാജ്യത്തിനുവേണ്ടി പ്രവർത്തിക്കും എന്ന് പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നു. ഹിന്ദുമഹാസഭയുമായി കൈകോർത്തപ്പോൾ ലാല ലജ്പത് റായ്ക്കുപോലും നവ് ജവാൻ ഭാരത് സഭയുടെ മതനിരപേക്ഷ പ്രത്യയ ശാസ്ത്രത്തിൻറെ ചൂടേറിയ വിമർശനം കേൾക്കേണ്ടിവന്നു. ഒരിക്കൽ സഭ സാമൂഹിക പന്തിഭോജനം സംഘടിപ്പിക്കുകയും എല്ലാ ജാതിമതസ്ഥരെയും അതിൽ പങ്കെടുപ്പിക്കുകയും ചെയ്തു. മറ്റൊരിക്കൽ ഹലാൽ മാംസവും ഛഡ്ക മാംസവും  ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും അടങ്ങുന്ന സഭാംഗങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയുണ്ടായി. അള്ളാഹു അക്ബർ, സത് ശ്രീ അകാൽ, വന്ദേമാതരം എന്നിവയ്ക്ക് പകരം ഇങ്കുലാബ് സിന്ദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നീ രണ്ട് മുദ്രാവാക്യങ്ങൾ അവർ വിളിച്ചു.

എന്തുകൊണ്ട് ഞാൻ നിരീശ്വരവാദി ആണ് എന്ന 1931 സെപ്റ്റംബർ 27 ന് 'ദ പീപ്പിളിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഭഗത് സിംഗ് ഇങ്ങനെ ചോദിക്കുന്നു:
"ലോകത്തെയോ സൃഷ്ടിച്ചത് സർവ്വശക്തനും, സർവ്വവ്യാപിയും, സർവ്വജ്ഞനും, സർവ്വശക്തനുമായ ഒരു ദൈവമാണെങ്കിൽ, അവൻ എന്തിനാണ് അത് സൃഷ്ടിച്ചതെന്ന് ദയവായി എനിക്ക് അറിയിക്കൂ? ദുരിതങ്ങളുടെയും ദുരിതങ്ങളുടെയും ഈ ലോകം, എണ്ണമറ്റ ദുരന്തങ്ങളുടെ ഒരു യഥാർത്ഥ, ശാശ്വത സംയോജനം! ഒരാളും പൂർണ്ണമായും സംതൃപ്തനല്ല. 
 ഞാൻ ചോദിക്കുന്നു, അവൻ എന്തിനാണ് ഈ ലോകത്തെ സൃഷ്ടിച്ചത് - ഒരു യഥാർത്ഥ നരകം, നിരന്തരമായതും കയ്പേറിയതുമായ അസ്വസ്ഥതയുടെ സ്ഥലം? സർവ്വശക്തന് അത് ചെയ്യാൻ കഴിയാത്തപ്പോൾ മനുഷ്യനെ സൃഷ്ടിച്ചത് എന്തുകൊണ്ടാണ്? ഇതിനെല്ലാം എന്താണ് ന്യായീകരണം? നിരപരാധികളായ ദുരിതമനുഭവിക്കുന്നവർക്ക് ഭാവിയിൽ പ്രതിഫലം നൽകണമെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്നും നിങ്ങൾ പറയുന്നുണ്ടോ? ശരി, ശരി: നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിച്ച് പിന്നീട് വളരെ മൃദുവും ആശ്വാസദായകവുമായ ഒരു തൈലം പുരട്ടാൻ ധൈര്യപ്പെടുന്ന ഒരു മനുഷ്യനെ നിങ്ങൾ എത്രത്തോളം ന്യായീകരിക്കും? പാതി പട്ടിണി കിടന്ന കോപാകുലരായ സിംഹങ്ങളുടെ കൂട്ടിലേക്ക്  മനുഷ്യരെ എറിഞ്ഞ് കൊടുക്കുകയും ആ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ അവർക്ക് മരണത്തിൽ നിന്ന് രക്ഷപ്പെടാനും കഴിയുമോ എന്ന് കണ്ടു രസിക്കുകയും ചെയ്യുന്ന ഗ്ലാഡിയേറ്റർ സ്ഥാപനത്തിന്റെ പിന്തുണക്കാരും സംഘാടകരും എത്രത്തോളം ന്യായീകരിക്കപ്പെട്ടു? അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്: ബോധമുള്ള പരമാത്മാവ് ഈ ലോകത്തെയും അതിൽ മനുഷ്യനെയും സൃഷ്ടിച്ചത് എന്തിനാണ്? ആനന്ദം തേടാൻ? അപ്പോൾ അവനും നീറോയും തമ്മിലുള്ള വ്യത്യാസം എവിടെയാണ്?"

നമ്മുടെ രാജ്യത്ത് കുറച്ചു കാലങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ശ്രദ്ധിച്ചു വായിക്കണം ഇത്, ഭരണഘടനയ്ക്ക് കീഴിൽ സമാധാനപരമായി തങ്ങളുടെ ജീവിത ആവശ്യങ്ങൾക്കായി വിവിധ ജോലികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂരിഭാഗം ജനതയെ രാജ്യത്തിൻറെ ചില ചില പ്രദേശങ്ങളിൽ പല പല സമയങ്ങളിൽ ആയി പല പേരുകളിൽ അറിയപ്പെടുന്ന സംഘം ആളുകൾ അപ്രതീക്ഷിതമായി കടന്നാക്രമിക്കുകയും പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കാഴ്ച നാം കണ്ടു വരുന്നില്ലേ? സ്വാഭാവികമായും നിരായുധരായി നിൽക്കുന്ന ഈ പാവങ്ങളെ ആയുധമേന്തി ആക്രമിക്കുന്ന കാഴ്ച നാം കുറച്ചു വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. ആക്രമിക്കപ്പെടുന്നവർ പിന്നോക്ക ജാതിയിൽ പെട്ടവരാകാം സ്ത്രീകൾ ആകാം മുസ്ലിങ്ങളാകാം ക്രിസ്ത്യാനികൾ ആകാം പുരോഗമന വാദികൾ ആകാം, എന്നാൽ ആക്രമണ സംഘത്തിന് വ്യത്യസ്ത രൂപങ്ങൾ ആണെങ്കിലും ഒരേയൊരു ലക്ഷ്യമാണ്- തങ്ങളുടെ സാമൂഹിക മേധാവിത്വം മറ്റുള്ളവർ അംഗീകരിക്കുക എന്നതാണ് അത്. തികച്ചും അപ്രതീക്ഷിതമായും പല സമയങ്ങളിലും പല സ്ഥലങ്ങളിലും ആക്രമണങ്ങൾ നടത്തുന്ന ഈ സംഘങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും മാനിക്കുന്നതായി നമുക്ക് ഒരിടത്തും കാണാൻ കഴിയുന്നില്ല. പകരം അവരുടെ ആശയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും അവർ കൊണ്ടുനടക്കുന്ന തോന്നലുകളോട്, അങ്ങനെ പറയാം, ബാക്കി വരുന്ന ജനത അനുസരിച്ച് നിന്ന് കൊള്ളണം എന്നതുമാണ് അവരുടെ പ്രവർത്തികളിൽ നിന്ന് വ്യക്തമാകുന്നത്. വ്യത്യസ്ത പ്രദേശങ്ങളിൽ ആണെങ്കിലും സംഘടിതരായ ഈ ആക്രമണകാരികളിൽ നിന്ന് അസംഘടിതരായ സാധാരണ ജനങ്ങൾ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി സഹിച്ചാണ് ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്നത്. നിയമവും ന്യായാധിപന്മാരും സുരക്ഷ ഒരുക്കേണ്ട സേനകളും ഇത്തരം ആളുകളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങുന്ന കാഴ്ചയും നിയമത്തിന്റെയും കോടതികളുടെയും സേനകളുടെയും ഇടയിൽ പോലും ഇത്തരം ആശയക്കാർ നിലനിൽക്കുന്നതും നമ്മുടെ  രാജ്യത്തിൻറെ അവസ്ഥയിൽ നമുക്ക് കാണാൻ കഴിയും. 

ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യം എന്ന് അറിയപ്പെടുന്ന അമേരിക്കയുടെ മുൻ പ്രസിഡണ്ടിന് പോലും തള്ളി പറയേണ്ടി വന്ന ട്രിക്കിൾ ഡൗൺ എക്കണോമിക് പോളിസി(Tricke down economics) ഇവിടെ ഊർജ്ജിതമായി തുടരുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്? നമ്മുടെ രാജ്യത്തിലെ മുകൾത്തട്ടിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കയ്യിലാണ് 40% സമ്പത്തും കുമിഞ്ഞു കൂടിയിരിക്കുന്നത്. 50 ശതമാനം വരുന്ന താഴെ തട്ടിലെ ജനതയുടെ കൈകളിൽ വെറും 6.4% സമ്പത്തും മാത്രമാണുള്ളത്. കണക്കുകൾ പറയുന്നത് ഇത് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ ഭരിച്ച അവസ്ഥയെക്കാൾ വളരെ മോശമായ അവസ്ഥയാണ് എന്നാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ എന്തിനിങ്ങനെ നരകണം എന്ന് സ്വയം ചിന്തിക്കണം. 
മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള ഭഗത് സിംഗിന്റെ വാക്കുകൾ നമുക്ക് പ്രചോദനം നൽകുന്നവയാണ്,

"ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഒരുപിടി പരാദങ്ങൾ ചൂഷണം ചെയ്യുന്നിടത്തോളം കാലം യുദ്ധാവസ്ഥ നിലനിൽക്കുമെന്നും നിലനിൽക്കണ
മെന്നും നമുക്ക് പ്രഖ്യാപിക്കാം. അവർ പൂർണ്ണമായും ബ്രിട്ടീഷ് മുതലാളിത്തവാദികളോ ബ്രിട്ടീഷ്-ഇന്ത്യൻ മിശ്രിതമോ അല്ലെങ്കിൽ പൂർണ്ണമായും ഇന്ത്യക്കാരോ ആകാം. മിശ്രിതമോ പൂർണ്ണമായും ഇന്ത്യൻ ഉദ്യോഗസ്ഥ സംവിധാനമോ ഉപയോഗിച്ച് അവർ തങ്ങളുടെ വഞ്ചനാപരമായ ചൂഷണം നടത്തുന്നുണ്ടാകാം. ഇതെല്ലാം ഒരു വ്യത്യാസവും വരുത്തുന്നില്ല." '
അദ്ദേഹം തുടർന്നു,
"മുതലാളിത്ത, സാമ്രാജ്യത്വ ചൂഷണത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. യുദ്ധം ഞങ്ങളിൽ നിന്നല്ല തുടങ്ങിയത്, ഞങ്ങളുടെ ജീവിതത്തോടെ അവസാനിക്കാൻ പോകുന്നില്ല. ചരിത്ര സംഭവങ്ങളുടെയും നിലവിലുള്ള പരിതസ്ഥിതികളുടെയും അനിവാര്യമായ അനന്തരഫലമാണിത്. മിസ്റ്റർ ദാസിന്റെ സമാനതകളില്ലാത്ത ത്യാഗവും സഖാവ് ഭഗവതി ചരണിന്റെ ഏറ്റവും ദാരുണവും എന്നാൽ ഉദാത്തവുമായ ത്യാഗവും നമ്മുടെ പ്രിയപ്പെട്ട യോദ്ധാവ് ആസാദിന്റെ മഹത്തായ മരണവും വളരെ കൃത്യമായി മനോഹരമാക്കിയ ശൃംഖലയിലെ ഒരു കണ്ണി മാത്രമായിരിക്കും ഞങ്ങളുടെ എളിയ ത്യാഗങ്ങൾ."


തട്ടുതട്ടായുള്ള ജാതി കേന്ദ്രീകൃത മനുസ്മൃതിയിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിയിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടുപോകാനും ഭൂരിഭാഗം വരുന്ന ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ വേർതിരിച്ച് നാടിൻറെയൊക്കെ സ്വത്ത് മുഴുവൻ ചുരുങ്ങിയ ചിലരുടെ കൈകളിലേക്ക് കൊണ്ടുചെന്നെത്തിച്ച് 
ചങ്ങാത്തം കൂടി രാഷ്ട്രീയ അധികാരം കയ്യാളി സുഖപരതയിൽ വിലസുന്നവർക്കും എതിരെ നമുക്ക് ഒന്നിക്കാൻ കഴിയണം. അതിന് ഏറ്റവും നല്ല പ്രചോദനം ഭഗത് സിംഗ് തന്നെയാണ്. ഇന്ന് ലോകത്ത് ഏറ്റവും അധികം ദരിദ്രർ ജീവിക്കുന്നത് ഇന്ത്യയിലാണ്. എല്ലാവരും ഒരുമിച്ച് ചേർന്ന് നമുക്ക് പട്ടിണി മാറ്റണം. എല്ലാവർക്കും താമസിക്കാൻ സുരക്ഷയുള്ള ഒരു വീട് വേണം. ഉടുക്കാൻ ആവശ്യമായ വസ്ത്രങ്ങൾ ലഭ്യമാക്കണം. ഭരണഘടന ഉള്ളതുകൊണ്ട് ഒന്നു മാത്രമാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും മനുഷ്യാവകാശങ്ങൾ ലഭ്യമായത്. അത് നമുക്ക് സംരക്ഷിച്ചേ പറ്റൂ! ഭഗത് സിംഗിനെ പോലെയും ചന്ദ്രശേഖർ ആസാദിനെ പോലെയും ഉള്ളവർ പോരടിച്ചും ജീവൻ പോലും ത്യാഗം ചെയ്ത നേടിയെടുത്ത നമ്മുടെ സമൂഹത്തിൽ പിന്നീട് മെച്ചപ്പെട്ട ജീവിതം കിട്ടിയവർ അവരവരുടെ ലോകങ്ങളിലേക്ക് ചുരുങ്ങിയതാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ചതി. ഓരോരുത്തരും അവരവരുടെ സാമൂഹ്യമായ കടമ നിർവഹിക്കുന്നവർ ആയി മാറണം. ചില ആളുകളുടെ മാത്രം ഭാവനയിൽ ഒതുങ്ങിയ ജാതികളുടെയും മതത്തിന്റെയും മേധാവിത്വത്തിന് കീഴടങ്ങിയ ഭൂരിഭാഗം ജനത എന്ന സ്വപ്നം ഈ മണ്ണിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കണം. 
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ മാനിഫെസ്റ്റോയിൽ നിന്നുള്ള ഒരു ഭാഗം എടുത്ത് ഞാൻ ഇങ്ങനെ ഉപസംഹരിക്കട്ടെ:

"നമ്മുടെ നാട്ടുകാരോട് - യുവാക്കളോടും, തൊഴിലാളികളോടും, കർഷകരോടും, വിപ്ലവ ബുദ്ധിജീവികളോടും - സ്വാതന്ത്ര്യത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്നതിൽ മുന്നോട്ടുവന്ന് ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ ഈ അവസരം ഉപയോഗിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ ചൂഷണം അസാധ്യമാകുന്ന ഒരു പുതിയ സമൂഹക്രമം നമുക്ക് സ്ഥാപിക്കാം. അവരുടെ പിൻഗാമികളായ നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ വേണ്ടി, മരണത്തെ സ്വമേധയാ സ്വീകരിച്ച ആ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരിൽ,നിരന്തരം അധ്വാനിക്കുകയും മരിക്കുകയും ചെയ്ത ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദരിദ്രർക്കും, പട്ടിണി കിടക്കുന്നവർക്കും, ചൂഷണം ചെയ്യപ്പെടുന്നവർക്കും വേണ്ടി , എല്ലാ ഗൗരവത്തോടെയും പോരാട്ടം ഏറ്റെടുക്കാൻ ഞങ്ങൾ എല്ലാ ദേശസ്നേഹികളോടും അഭ്യർത്ഥിക്കുന്നു."







No comments:

Post a Comment