Monday, 6 April 2026

ടിപ്പു സുൽത്താൻ

ടിപ്പുവിനെ സംഘപരിവാർ വെറുക്കാൻ പല കാരണങ്ങൾ ഉണ്ട്.
ഒന്നാമത്, ടിപ്പു സുൽത്താൻ ഒരു ഇസ്ലാം മതവിശ്വാസി ആണ് എന്നുള്ളതും, ഒരു മുസ്ലിമിൻ്റെ പുണ്യഭൂമി ഇന്ത്യൻ ഉപമഹാ ദ്വീപിന് പുറത്താണെന്നും ഇന്ത്യ ഹിന്ദുക്കളുടെ ദേശമാണെന്നുമുള്ള സവർക്കറിൻ്റെ 'എസ്സെൻഷ്യൽസ് ഓഫ് ഹിന്ദുത്വ' എന്ന കഥാപുസ്തകത്തിനെ ആധാരമാക്കിയതാണ്.
രണ്ട്, ടിപ്പുവും, ശിവാജിയും, ഔറംഗസീബും ഒക്കെ നടത്തിയ ആക്രമണങ്ങൾ രാജാക്കന്മാരെന്ന നിലയിലാണെന്നും, മതവിശ്വാസക്കാർ എന്ന അടിസ്ഥാനത്തിലല്ലെന്നും , ടിപ്പു എത്രയോ ബ്രാഹ്‌മണാധീനതയിലുള്ള അമ്പലങ്ങൾക്ക് ധനം സംഭാവന നൽകിയിരുന്നെന്നും, ഔറംഗസീബ് അമ്പലങ്ങൾ നിർമ്മിക്കാൻ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും, ഇവരുടെ എല്ലാം സേനകളിൽ സൈന്യാധിപന്മാർ തൊട്ട് വിവിധ വിശ്വാസങ്ങളിൽ ഉള്ളവർ ഉണ്ടായിരുന്നെന്നും ഒക്കെയുള്ള ചരിത്രത്തെ ജനങ്ങളിൽ നിന്ന് മറച്ച് വിഭാഗീയത സൃഷ്ടിച്ച് ഹിന്ദു എന്ന ഒരു വർഗ്ഗീയ ഗ്രൂപ്പിനെ സൃഷ്ടിക്കാനും വേണ്ടിയാണ്.
മൂന്ന്, ടിപ്പുവിൻ്റെ ഭരണത്തിൽ ജാതിവാദികൾക്കുണ്ടായ ശക്തമായ തിരിച്ചടി ഓർമ്മ വരുന്നുണ്ടാകും.
ടിപ്പു സുൽത്താൻ്റെ ഭരണത്തിൽ കുടിയാന്മാർക്ക് ഭൂമി അനുവദിച്ചിരുന്നു. ഇത് പാർശ്വവൽക്കരിക്കപ്പെട്ട ജാതി വിഭാഗങ്ങൾക്ക് ജീവിക്കാൻ വഴിയൊരുക്കി. ജാതി ജന്മിമാർക്ക് ഇതിനാൽ തന്നെ ടിപ്പുവിനോട് അമർഷം ഉണ്ടാകുകയും ദക്ഷിണ ഭാഗത്തേക്ക് പലായനം ചെയ്യുകയും ചെയ്തു. നിരവധി പുരുഷന്മാരുമായി സഹവസിച്ചിരുന്ന നായർ സ്ത്രീകളുടെ 'ആചാരം' കണ്ട് അദ്ഭുതപ്പെട്ട ടിപ്പു ആ 'ആചാരം' നിർത്തലാക്കി. താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ ജാതി ജന്മികൾ അനുവദിച്ചിരുന്നില്ല. ടിപ്പു ആ ആചാരവും നിർത്തലാക്കിച്ചു. സ്ത്രീകൾക്ക് മാന്യത നൽകി.
ഇറാൻ സംഭാവന ചെയ്ത ഒരു പദത്തിൻ്റെ മറവിൽ മറു ഭാഗത്ത് മുസ്ലീമിനെയും ക്രിസ്ത്യാനിയേയും ശത്രുക്കളായി ചിത്രീകരിച്ച്, ജാതീയത നിലനിർത്തി ആസ്വദിച്ചു പോരുന്ന
സംഘപരിവാറിൻ്റെ നേതാക്കൾക്ക്, ഭടന്മാർക്കല്ല,( ഈ നേതാക്കളും ഭടന്മാരും തമ്മിലുള്ള വർണ്ണാശ്രമ ധർമ്മം ഒന്നു പഠിക്കുന്നത് നല്ലതാണ്) ടിപ്പുവിനോട് വൈരാഗ്യം തോന്നിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം വർണ്ണാശ്രമ ധർമ്മത്തിലൂന്നിയ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടമാണ്! വർണ്ണാശ്രമ സിദ്ധാന്തത്തിൻ്റെ ആധുനിക രാഷ്ട്രീയ രൂപമാണ് ആർ.എസ്. എസ്. അതിൻ്റെ പാർലമെൻ്ററി രാഷ്ട്രീയ രൂപമാണ് ബി.ജെ.പി. 
പതിനായിരക്കണക്കിന് പേർ ജീവൻ പോലും ത്യാഗം ചെയ്ത് രൂപീകരിച്ച രാജ്യമാണ് ഇന്ത്യ. അതിൻ്റെ ഭരണഘടനയിലും അതേ ത്യാഗത്തിൻ്റെ വിലയുണ്ട്. ഭരണഘടന ഒന്നുകൊണ്ടുമാത്രം അനുഭവിക്കുന്ന സ്വാതന്ത്ര്യം അത് ഹിന്ദു പൂരിപക്ഷമായതുകൊണ്ട് എന്നൊക്കെ ധരിച്ചു വശായി വിഡ്‌ഢി വേഷം കെട്ടി ആയിരം വർഷമായുള്ള ചൂഷണത്തിൻ്റെ ആധുനിക പതിപ്പിന് കീഴടങ്ങി(അവന്മാരുടെ ഭാഷയിൽ അഭിമാനം പൂണ്ട്) നാട് നശിപ്പിക്കാതിരിക്കുക!



No comments:

Post a Comment